മനാമ: ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലേക്ക് പോയ രണ്ട് വിമാനങ്ങള്‍ തടഞ്ഞ സംഭവത്തില്‍ ഖത്തറിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നതായി യു.എ.ഇ വ്യോമയാന പൊതു അതോറിറ്റി.
ശേഖരിച്ച തെളിവുകള്‍ സഹിതമായിരിക്കും അതോറിറ്റി പരാതി നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്ന് ഖത്തറിനെ തടയാന്‍ അന്താരാഷ്ട്ര വ്യോമയാന സംഘടനയോട് ആവശ്യപ്പെടുമെന്നും അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര സമിതിക്കു പരാതി നല്‍കുന്നതോടൊപ്പം തന്നെ ബഹ്‌റൈനിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റുന്ന കാര്യവും അതോറിറ്റിയുടെ പരിഗണനയിലുണ്ട്. ഖത്തറില്‍നിന്ന് അകലെയുള്ള റൂട്ടിലൂടെ വിമാനം പറത്തുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്നും, എന്നാല്‍ ഇതിന് സാവകാശം വേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു മനാമയിലേക്കുള്ള രണ്ട് യു.എ.ഇ വിമാനങ്ങള്‍ക്ക് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത്.