കൊച്ചി: ബഹറിന്‍ മനുഷ്യക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരായ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. അബ്ദുല്‍ നസീറും ഷാജിതയും അടക്കമാണ് അറസ്റ്റിലായത്. മറ്റുള്ളവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
മുംബൈ വിമാനത്താവളത്തിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്നുരാവിലെ ഇവരെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കൊച്ചി ക്രൈംബ്രാഞ്ച് സംഘമാണ് മനുഷ്യക്കടത്ത് അന്വേഷിക്കുന്നത്.
കൊച്ചിയില്‍ രശ്മിനായരും രാഹുല്‍ പശുപാലനും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയിലായതോടെ ഇത്തരം പെണ്‍വാണിഭ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. പെണ്‍വാണിഭം കൂടാതെ വലിയ തോതില്‍ മനുഷ്യക്കടത്തും നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയും സംഘവുമാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇക്കാര്യത്തില്‍ ഇടനിലക്കാരായിരുന്നു പിടിയിലായ ദമ്പതികള്‍. മുംബയില്‍ എത്തിയശേഷം ചെന്നൈ വഴി രക്ഷപ്പെടാനായിരുന്നു ദമ്പതികളുടെ പദ്ധതി. ആ നീക്കമാണ് പൊലീസ് പൊളിച്ചത്.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മലയാളികളുള്‍പ്പെടെ 63 സ്ത്രീകളെയാണ് ഇവര്‍ വഴി ബഹറിനിലേക്ക് കടത്തിയത്. നെടുമ്പാശേരി അടക്കം നാല് വിമാനത്താവളങ്ങളിലെ ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ജോഷിയെ വലയിലാക്കിയതിനുപിന്നാലെയാണ് അന്താരാഷ്ട്ര ബന്ധമുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അന്നുമുതല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്