ബഹ്‌റൈന്‍: ബഹ്‌റൈനില്‍ മനുഷ്യക്കടത്തിനെതിരെ കര്‍ശന നിലപാട് തുടരുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. മനുഷ്യക്കടത്തിനിരയായവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ആരംഭിച്ച അഭയ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍ര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
മനുഷ്യക്കടത്തിനെതിരെ ബഹ്‌റൈന്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ വിഷയത്തില്‍ രാജ്യം സ്വീകരിച്ച നയ സമീപനങ്ങള്‍ക്ക് യു.എന്‍ തലത്തില്‍ അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും, മനുഷ്യക്കടത്തിന് എതിരായി സംഘടിപ്പിച്ച ജുഡീഷ്യന്‍ ആന്റ് ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറത്തില്‍ സംസാരിക്കവെ എല്‍.എം.ആര്‍.എ. ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു. രാജ്യം കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യക്കടത്ത് വിരുദ്ധ പരിശീലന റീജിയണല്‍ കേന്ദ്രം ഈ വര്‍ഷാവസാനത്തോടെ സഹ് ലയില്‍ പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്രം സ്ഥാപിക്കുന്നതും പ്രവര്‍ത്തന സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ മനുഷ്യക്കടത്ത് ലഹരി വിരുദ്ധ ഓഫീസ് ഡയറക്ടര്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്നും കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 33 കേസുകളാണുണ്ടായതായതെന്നും ഉസാമ അല്‍ അബ്‌സി കൂട്ടിച്ചേര്‍ത്തു.