മനാമ: ബഹ്‌റൈന്‍ ട്രാഫിക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നടപ്പാക്കാനിരുന്ന ഫീസ് വര്‍ധനവ് താത്കാലികമായി നീട്ടിവെച്ചതായി ആഭ്യന്തരവകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ ഏതാനും ഇനങ്ങളിലായിരുന്നു ഫീസ് വര്‍ധനവ് ഉദ്ദേശിച്ചിരുന്നത്.
തുടര്‍ന്ന് പുതിയ നിരക്കുകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടനെയാണ് വര്‍ധന നീട്ടിവെച്ചതായി അറിയിപ്പു എത്തിയത്. ഈ തീരുമാനം പൊതുവേ സ്വാഗതാര്‍ഹമാണ്. ഈ മാസം മുതല്‍ പുകയില ഉത്പന്നങ്ങള്‍, പെട്രോള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ട്രാഫിക് സേവന ഫീസ് വര്‍ധിക്കുമെന്ന വാര്‍ത്ത എത്തിയത്. പെട്രോള്‍ വിലവര്‍ധനവ് പുനഃപരിശോധിക്കണമെന്ന് പാര്‍ലമെന്റംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബഹ്‌റൈനില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ റോഡപകടങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി ട്രാഫിക് അധികൃതര്‍ അറിയിച്ചിരുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഫീസ് വര്‍ധിച്ചതോടെ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായാണ് കാണപ്പെടുന്നത്.