ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈന്‍. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈന്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയിലെ സാധാരണക്കാര്‍ക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ രാജ്യം വിട്ടതായി ബഹ്‌റൈന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചു.
പലസ്തീനിയന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്‌റൈന്‍ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. അബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് ബഹ്‌റൈന്‍ ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.ഗാസയിലെ സാധാരണക്കാരായ ജനതയുടെ ജീവന്‍ സംരക്ഷിക്കാനായി കൂടുതല്‍ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുന്നതാണ് ഇസ്രായേല്‍ തുടരുന്ന സൈനിക നടപടി.