മനാമ: ബഹ്‌റൈനിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കുട്ടികളെ മുഴുവന്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇയാള്‍ ഓടിച്ച വാഹനത്തില്‍ അല്‍ നസീഫ് ബോയ്‌സ് പ്രൈമറി സ്‌കൂള്‍, സിത്ര ഗേള്‍സ് പ്രൈമറി സ്‌കുള്‍, അല്‍ ഖമര്‍ കിന്റര്‍ഗാര്‍ട്ടന്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ യാത്ര ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഈ പരാമര്‍ശം.
വൈറസിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ 14 ദിവസത്തേക്ക് അടച്ചിടാന്‍ മന്ത്രിസഭയും നിര്‍ദേശം നല്‍കി. രോഗം ബാധിച്ചയാളെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 21ന് ബഹ്‌റൈനില്‍ എത്തിയ ഇയാള്‍ക്ക് ആദ്യ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് ലക്ഷണം പ്രകടമായത്. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത മുഴുവനാളുകളേയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
അതേസമയം, ബസ് ഡ്രൈവറെ കൂടാതെ, ബഹ്‌റൈനില്‍ ഒരു യുവതിക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവര് ഇറാനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ബഹ്‌റൈനില്‍ നല്‍കിയിരിക്കുന്നത്.