ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായ ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നു. എന്നാല്‍ തിയേറ്ററുകളിലല്ല ചിത്രം എത്തുന്നത് എന്നു മാത്രം. ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ ആണ് ബാഹുബലിയുടെ ബിഗ് ബഡ്ജറ്റ് പരമ്പര വരുന്നത്.
എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രത്തെ ദേവ കട്ട, പ്രവീണ്‍ സതാരു തുടങ്ങിയവര്‍ ചേര്‍ന്നാണ് നെറ്റ്ഫ്‌ലിക്‌സിലെ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പരമ്പരക്ക് 500 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിന് മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.
ആനന്ദ് നീലകണ്ഠന്‍ ഏഴുതാന്‍ പോകുന്ന നോവലിന്റെ അടുത്ത രണ്ട് ഭാഗങ്ങളെ ആസ്പദമാക്കി വെബ് സീരിസിന്റെ രണ്ടും മൂന്നും സീസണുകളും ഒരുക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഒരോ സീസണും. ഇന്ത്യക്കൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലും ബാഹുബലി പരമ്പര റിലീസ് ചെയ്യും.
‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്’ എന്ന പരമ്പര ചിത്രീകരിക്കുന്നതിനു പിന്നില്‍ സംവിധായകന്‍ രാജമൗലിയുമുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളില്‍. മൂന്നു ബാഹുബലി സിനിമകള്‍ പുതുതായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര.
ഇന്ത്യയില്‍നിന്നുള്ള രണ്ടാമത്തെ നെറ്റ്ഫ്‌ലിക്‌സ് പരമ്പരയാണിത്; മലയാളി കഥയെഴുതുന്ന ആദ്യത്തേതും. വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സേക്രഡ് ഗെയിംസ് ആണ് ഇന്ത്യയില്‍നിന്നുള്ള ആദ്യ നെറ്റ്ഫ്‌ലിക്‌സ് പരമ്പര.