ഡൽഹി: ഫിഫയുടെ സസ്പെൻഷനോ, ഭീഷണികളോ കാരണം അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനിലെ പരിഷ്കരണങ്ങൾ ഉപേക്ഷിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ. ഫെഡറേഷനെതിരായ കേസിൽ കക്ഷിചേരാൻ ബൂട്ടിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫെഡറേഷന്റെ ജനറൽ ബോഡിയിൽ വോട്ടിങ് അധികാരത്തോടെ പകുതി അംഗങ്ങൾ ഫുട്ബാൾ താരങ്ങൾ ആയിരിക്കണമെന്ന് ബൂട്ടിയ സുപ്രീം കോടതിയിൽ ഫയല്‍ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി നിയമിച്ച താത്കാലിക ഭരണസമിതി തയ്യാറാക്കിയ കരട് ഭരണഘടന അംഗീകരിക്കണം. ഫുട്ബാൾ ഇതര മേഖലകളിൽ നിന്ന് വരുന്നവർക്ക് ഭൂരിപക്ഷം നൽകുന്നത് അവസാനിപ്പിക്കണം. ഇപ്പോഴത്തെ സംവിധാനം തുടരാൻ അനുവദിച്ചാൽ അടുത്ത നാല് വർഷം കൂടി ഫൂട്ബോൾ ഫെഡറേഷൻ നിക്ഷിപ്‌ത വ്യക്തികളുടെ കൈകളിലാകുമെന്നും ബൂട്ടിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതിയുടെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഫെഡറേഷന്റെ ഭരണം മേൽനോട്ടത്തിന് തിരെഞ്ഞെടുക്കപ്പെട്ട സമിതി ആവശ്യമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.