കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയിൽ ഹാജരായി. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായാണ് ഹാജരായത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയെന്നാണ് ബൈജു പൗലോസിനെതിരായ പരാതി.
കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു.
ദിലീപി ന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് ഫോൺ അയച്ചപ്പോഴാണ് ചില നിർണായക വിവരങ്ങൾ ലഭിച്ചത്. കോടതി ജീവനക്കാർ വഴിയാണോ വിവരങ്ങൾ ചോർന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥൻറെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളിൽ വന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൌലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.