ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗ(ഇജിഎം)ത്തിലാണ് തീരുമാനം. അറുപത് ശതമാനം നിക്ഷേപകര്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചതായും സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ നീക്കുന്നതിന് പിന്തുണ അറിയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്നത്തെ യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബൈജൂ രവീന്ദ്രന്‍ പറഞ്ഞു. ചുരുക്കം ചില ഓഹരി ഉടമകള്‍മാത്രമാണ് യോഗത്തിന് എത്തിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. വെര്‍ച്വല്‍ മീറ്റ് തടസപ്പെടുത്താന്‍ ബൈജൂസ് ജീവനക്കാര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിക്ഷേപകരൂടെ സൂം മീറ്റിങിലേക്ക് അനധികൃതമായി കയറിയാണ് യോഗം തടസപ്പെടുത്തിയത്. വിസിലടിച്ചും കൂവിവിളിച്ചും അപശബ്ദമുണ്ടാക്കിയുമാണ് യോഗം തടസപ്പെടുത്താനുള്ള ജീവനക്കാരുടെ ശ്രമം.
ബൈജു രവീന്ദ്രനെ നീക്കം ചെയ്തുകൊണ്ടു യോഗം പ്രമേയം പാസാക്കിയെങ്കിലും മാര്‍ച്ച് 13 വരെ അതു പ്രാബല്യത്തില്‍ വരില്ല. അന്നുവരെ നടപടി പാടില്ലെന്ന്, ബൈജു രവീന്ദ്രന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇജിഎം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.