കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

വ്യാഴാഴ്ചയാണ് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കുവാനായിരുന്നു പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായത്.

പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് ഉള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു, തുടങ്ങിയ കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.

Top