ബോഡി പെയിന്റിംഗ്; രഹന ഫാത്തിമയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി നഗ്‌നശരീരം വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നുമാണ് രഹനയുടെ വാദം. പോക്‌സോ വകുപ്പുകളും ജുവനൈല്‍ ആക്ട്, ഐ.ടി ആക്ട് എന്നിവയും ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് രഹന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്.

‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹന ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്.

Top