കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ഷൂസ് എറിഞ്ഞ കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. വധശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അസാധാരണ നടപടി. രൂക്ഷമായ ചോദ്യങ്ങളാണ് പൊലീസിനോട് കോടതി ചോദിച്ചത്.
ആഴ്ചയില്‍ രണ്ടു ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് കോടതി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ അതിനുമുമ്പ് അടിയന്തരമായി ലാത്തിചാര്‍ജില്‍ പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതുസ്ഥലത്തു വെച്ച് പ്രതികളെ മര്‍ദ്ദിച്ചവര്‍ എവിടെയെന്ന് കോടതി ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിച്ചതായി കെ.എസ്.യു പ്രവര്‍ത്തകര്‍ കോടതിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് പരാതി വിശദമായി എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു .കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊതുമധ്യത്തില്‍ തല്ലിച്ചതച്ചവരുടെ കയ്യിലേക്ക് എങ്ങനെ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ നല്‍കാനാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ലോ കോളേജ് വിദ്യാര്‍ത്ഥികളായ ജിബിന്‍ പൂത്തോട്ട, ദേവകുമാര്‍ ചേര്‍ത്തല, ഭാരത് മാതാ കോളേജ് വിദ്യാര്‍ത്ഥി ജയിഡന്‍ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്യു പ്രവര്‍ത്തകരുടെ പരാതിയില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.