ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നത്; വിനായകന്‍ വിഷയത്തില്‍ ഇപി ജയരാജന്‍

ടന്‍ വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ് നിയമവിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂര്‍വമേ പ്രവര്‍ത്തിക്കൂ. അത് മറച്ച് വെക്കാന്‍ ചിലര്‍ അസത്യം വിളിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ വിനായകന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനില്‍ എത്തിയെന്നുമാണ് എഫ്ഐആറിലുള്ളത്. പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയവയും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്നാണ് പോലീസ് പറയുന്നത്. അതോടൊപ്പം സ്റ്റേഷനില്‍ വച്ച് പുകവലിച്ചു. അതിന് പോലീസ് നടനെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

വിനായകന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ പോലീസ് അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെതിരെ കേസെടുത്തിരുന്നത്.

പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Top