ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം നീട്ടി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം നീട്ടി. സുപ്രിം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹര്‍ജി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന് സുപ്രിം കോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം. അന്വേഷണത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവില്‍ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാന്‍ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരുന്നത്.

ഫെബ്രുവരി 14 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതല്‍ ലൈഫ് മിഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കര്‍ കസ്റ്റഡിയിലായിരുന്നു. ജയില്‍ മോചനത്തിന് കലൂരിലെ പിഎംഎല്‍എ കോടതി അനുമതി നല്‍കിയെങ്കിലും സ്വര്‍ണക്കടത്ത് കേസിലെ പ്രൊഡക്ഷന്‍ വാറണ്ട് കൂടി റദ്ദാക്കിയാല്‍ മാത്രമേ ജാമ്യനടപടികള്‍ പൂര്‍ത്തിയാവുകയുള്ളു എന്നതിനാലാണ് ജയില്‍ മോചിതനാകാന്‍ വൈകിയത്.

Top