മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ലഖ്നൌ ജില്ലാകോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പന്‍ ഉള്ളത്.
യു.എ.പി.എ കേസില്‍ സെപ്തംബര്‍ 9നാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയത്. കാപ്പൻ കൂടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മുഹമ്മദ് ആലത്തിനെയും യു.എ.പി.എ, ഇ.ഡി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആലത്തിനും യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. ഇ.ഡി കേസിലെ ജാമ്യാപേക്ഷ ഈ മാസം 23ന് പരിഗണിക്കും.
ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സിദ്ദിഖ് കാപ്പന് യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡല്‍ഹി വിടാമെന്നും സുപ്രിംകോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. എന്നാല്‍ ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇന്നും പുറത്തിറങ്ങാനാവില്ല.