ബജാജ് ഡോമിനാര്‍ 250യുടെ ഡ്യുവല്‍ ടോണ്‍ എഡിഷന്‍ വിപണിയില്‍

ബജാജ് ഓട്ടോയുടെ ഡോമിനാര്‍ 250യുടെ ഡ്യുവല്‍ ടോണ്‍ എഡിഷന്‍ വിപണിയിലെത്തിച്ചു. പേര് സൂചിപ്പിക്കും പോലെ ഇരട്ടവര്‍ണങ്ങളാണ് ഡോമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ എഡിഷന്റെ ആകര്‍ഷണം. സ്പാര്‍ക്ലിങ് ബ്ലാക്ക് + മാറ്റ് സില്‍വര്‍, റേസിംഗ് റെഡ് + മാറ്റ് സില്‍വര്‍, സിട്രസ് റഷ് + മാറ്റ് സില്‍വര്‍ എന്നിങ്ങനെ മൂന്ന് ഇരട്ട നിറങ്ങളിലാണ് ഡോമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ എഡിഷന്‍ വിപണിയിലെത്തിയിരിക്കുന്നത്.

ബജാജ് വെബ്സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ ലഭ്യമായിരുന്ന ചാര്‍ക്കോള്‍ ബ്ലാക്ക്, കാന്യന്‍ റെഡ് നിറങ്ങളില്‍ ഡോമിനാര്‍ 250 ഇനി ലഭ്യമല്ല. ഡ്യുവല്‍ ടോണ്‍ എഡിഷന് ബജാജ് വില വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ മാസമാണ് ഡോമിനാര്‍ 250യുടെ വില ബജാജ് 16,500 രൂപ കുറച്ചത്. ഇതോടെ എക്സ്-ഷോറൂം വില 1.71 ലക്ഷം രൂപയില്‍ നിന്നും 1.54 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. ഇതേ വിലയ്ക്കാണ് ഡ്യുവല്‍ ടോണ്‍ എഡിഷനും വിപണിയിലെത്തിയിരിക്കുന്നത്.

ഡോമിനാര്‍ 400-യും ഡോമിനാര്‍ 250-യും ആദ്യകാഴ്ചയില്‍ ഒരുപോലെ തോന്നും. ഡോമിനാര്‍ 400-യ്ക്ക് പ്രീമിയം ലുക്ക് നല്‍കുന്ന ഘടകങ്ങളായ അപ് സൈഡ് ഡൌണ്‍ മുന്‍ ഫോര്‍ക്കുകള്‍, എല്‍ഇഡി ഹെഡ്‌ലാംപ്, ഡിജിറ്റല്‍ ട്വിന്‍ സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍-എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഡോമിനാര്‍ 250-യിലും മാറ്റമില്ലാതെ തുടരുന്നു. ഡോമിനാര്‍ 400-യിലെ 43 എംഎം അപ് സൈഡ് ഡൌണ്‍ മുന്‍ ഫോര്‍ക്കുകള്‍ക്ക് പകരം ഡോമിനാര്‍ 250-യില്‍ വലിപ്പം കുറഞ്ഞ 37 എംഎം യൂണിറ്റാണ്. മാത്രമല്ല ടയറിന്റെ വീതിയും കുറവാണ്. ഡോമിനാര്‍ 400-യിലെ 320 എംഎം മുന്‍ ഡിസ്‌ക് ബ്രേക്കിന് പകരം ഡോമിനാര്‍ 250-യില്‍ 300 എംഎം ഡിസ്‌ക് ആണ്. ഡോമിനാര്‍ 400-നേക്കാള്‍ ഏകദേശം 4 കിലോഗ്രാം കുറവാണ് അനിയന്‍ ഡോമിനാറിന്.

8,500 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം പീക്ക് ടോര്‍ക്കും നിര്‍മ്മിക്കുന്ന 248.8 സിസി എന്‍ജിനാണ് ബജാജ് ഡോമിനാര്‍ 250യില്‍. സ്ലിപ്പര്‍ ക്ലച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 6-സ്പീഡ് ട്രാന്‍സ്മിഷനാണ് ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 132 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഡൊമിനാര്‍ 250-യ്ക്ക് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത എത്തിപ്പിടിക്കാന്‍ 10.5 സെക്കന്‍ഡ് മതിയെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു.

 

Top