വൈദ്യുത സ്‌കൂട്ടറായ ‘ചേതക്കി’നുള്ള ബുക്കിങ് ബജാജ് ഓട്ടോ ലിമിറ്റഡ് വീണ്ടും സ്വീകരിച്ചു തുടങ്ങി. 2,000 രൂപ അഡ്വാന്‍സ് നല്‍കി കമ്പനി വെബ്‌സൈറ്റ് വഴി വൈദ്യുത ‘ചേതക്’ ബുക്ക് ചെയ്യാം. ബുക്കിങ് റദ്ദാക്കുന്ന പക്ഷം 1,000 രൂപ കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
വൈദ്യുത സ്‌കൂട്ടറായ ‘ചേതക്കി’ന്റെ വിപണനം ഘട്ടം ഘട്ടമായി ബജാജ് ഓട്ടോ വിപുലീകരിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറില്‍ 18 ഡീലര്‍ഷിപ്പുകള്‍ മുഖേനയാണു കമ്പനി ‘ചേതക്’ വിറ്റിരുന്നത്; ഇതില്‍ അഞ്ചെണ്ണം പുണെയിലും ബാക്കി ബെംഗളൂരുവിലുമാണ്.
ഇതോടൊപ്പം രാജ്യാന്തരതലത്തില്‍ ‘ചേതക്’ വില്‍പ്പനയ്‌ക്കെത്തിക്കാനും ബജാജിനു പദ്ധതിയുണ്ട്. യൂറോപ്യന്‍ വിപണികള്‍ ലക്ഷ്യമിട്ടു കഴിഞ്ഞ വര്‍ഷം തന്നെ ബജാജ് ‘ചേതക്കി’ന്റെ ഡിസൈന്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തു പകര്‍പ്പവകാശം സ്വന്തമാക്കിയിരുന്നു. 2029 നവംബര്‍ വരെയാണു ബജാജ് ‘ചേതക്കി’ന്റെ യൂറോപ്പിലെ റജിസ്‌ട്രേഷന്‍.
ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ കാലങ്ങളോളം അടക്കിവാണ ‘ചേതക്’ ബ്രാന്‍ഡിനെ കഴിഞ്ഞ വര്‍ഷം ആദ്യമാണു ബജാജ് ഓട്ടോ തിരിച്ചു കൊണ്ടുവന്നത്. ആദ്യ ‘ചേതക്കി’ല്‍ പെട്രോള്‍ എന്‍ജിന്‍ ഇടംപിടിച്ചപ്പോള്‍ രണ്ടാം വരവില്‍ ‘ചേതക്’ വൈദ്യുത സ്‌കൂട്ടറായി മാറിയെന്ന വ്യത്യാസമുണ്ട്.
പുതിയ ‘ചേതക്കി’ലെ വൈദ്യുത മോട്ടോറിന് സ്ഥിരതയോടെ 3.8 കിലോവാട്ട് അവര്‍ കരുത്തും പരമാവധി 4.1 കിലോവാട്ട് അവര്‍ കരുത്തുമാണു സൃഷ്ടിക്കാനാവുക. സവിശേഷ ഓട്ടമേറ്റഡ് ട്രാന്‍സ്മിഷനാണു മോട്ടോറില്‍ നിന്നുള്ള കരുത്ത് പിന്‍ചക്രത്തോളമെത്തിക്കുക. മൂന്നു കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണു സ്‌കൂട്ടറിലുള്ളത്; ഒറ്റ ചാര്‍ജില്‍ ഇക്കോമോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട് മോഡില്‍ 85 കിലോമീറ്ററുമാണു ‘ചേതക്’ പിന്നിടുക.