ബജാജിന്റെ പള്‍സര്‍ നിരയിലെ ഒരേയൊരു ഫ്‌ലെയര്‍ഡ് മോഡലായ ആര്‍എസ്200 -ന്റെ ബിഎസ് 6കംപ്ലയിന്റ് പതിപ്പും പുറത്തിറക്കി നിര്‍മ്മാതാക്കള്‍. ബൈക്കിന്റെ ഇപ്പോഴത്തെ എക്‌സ്-ഷോറൂം വില 1,44,966 രൂപയാണ്.
ബൈക്കിന്റെ വില വര്‍ധന പോലും നിര്‍മ്മാതാക്കളുടെ വാഹന നിരയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ നവീകരണത്തില്‍ വാഹനം കടന്നുപോയ ഒരേയൊരു മാറ്റം പുതിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറാണ്, ഇത് ബൈക്കിന്റെ ഭാരം കൂട്ടുന്നതിനും കാരണമായി. പള്‍സര്‍ ആര്‍എസ്200 ഇപ്പോള്‍ മുമ്പത്തേതിനേക്കാള്‍ 2 കിലോഗ്രാം ഭാരമേറിയതാണ്.
വാഹനത്തില്‍ മുമ്പുണ്ടായിരുന്നത് പോലെ തന്നെ 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് ഡിറ്റിഎസ് ഐ (ട്രിപ്പിള്‍ സ്പാര്‍ക്ക്) മോട്ടോറാണ് പ്രവര്‍ത്തിക്കുന്നത്.
പരമാവധി കരുത്ത് ഇപ്പോഴും 24.5 ബിഎച്ച്പി ആയി തുടരുന്നുണ്ടെങ്കിലുംടോര്‍ക്കുംറേറ്റിംഗ് 0.1 എന്‍എംകൂടുതലാണ്. പുതിയ മോഡല്‍ 18.7എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു.
കാഴ്ചയില്‍ പുതിയ മോഡലിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. മുന്‍വശത്തെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സൈഡ് പ്രൊഫൈല്‍ മാറ്റമില്ലാതെ തുടരുന്നു.
പിന്നിലും നിലവിലെ അതേ ഡിസൈന്‍ തന്നെയാണ്. ബൈക്ക് ആദ്യം പരിചയപ്പെടുത്തിയതു മുതലുള്ള വ്യത്യസ്ഥ ടെയില്‍ ലൈറ്റുകള്‍ പുതിയ പതിപ്പിലും തുടരുന്നു. സിംഗിള്‍-ചാനല്‍ എബിഎസ് ആണ് ബ്രേക്കിംഗ് വിഭാഗത്തെ സഹായിക്കുന്നത്.
അധിക ചെലവ് ലാഭിക്കാനായി ബജാജ്, ബിഎസ് 4 പതിപ്പില്‍ മുമ്പ് ലഭ്യമായിരുന്ന ഡ്യുവല്‍-ചാനല്‍ എബിഎസ് പതിപ്പ് ഇപ്പോള്‍ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടെലിസ്‌കോപിക് ഫോര്‍ക്കും പ്രിലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന മൊനൊഷോക്കുമാണ് വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്.