ഡൊമിനര്‍ 250ന്റെ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ബജാജ്

നപ്രിയ മോഡലായ ഡൊമിനാര്‍ 250-ന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ബജാജ്. റേസിംഗ് റെഡ്/മാറ്റ് സില്‍വര്‍, സിട്രസ് റഷ്/മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക്/മാറ്റ് സില്‍വര്‍ എന്നീ നിറങ്ങളാണ് പുതിയതായി മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിറങ്ങള്‍ നല്‍കിയെങ്കിലും ബജാജ് ഡോമിനാര്‍ 250-ന്റെ വില ഇപ്പോഴും 1,54,176 രൂപ എക്സ്ഷോറൂം വിലയില്‍ തന്നെയാണ് വില്‍പ്പനയ്ക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ക്ക് നിലവിലുള്ള ഡൊമിനാര്‍ 250യുമായി വ്യത്യാസങ്ങള്‍ കുറവാണ്. യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, ബള്‍ബസ് എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഇരട്ട-ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ മോട്ടോര്‍സൈക്കിളിലെ സവിശേഷതകളാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇപ്പോഴും പൂര്‍ണമായും ഡിജിറ്റല്‍ എല്‍സിഡി യൂണിറ്റാണ്. ടാങ്ക് ഡിസ്പ്ലേയ്ക്ക് ടെല്‍ ടെയില്‍ ലൈറ്റുകള്‍ ഉണ്ട്.

ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഫ്രണ്ട് വീലില്‍ 300 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കും ഉണ്ട്, ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷയും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. പുതിയ കളര്‍ ഓപ്ഷനുകളില്‍ എത്തുന്നുണ്ടെങ്കിലും ഡൊമിനാര്‍ 250 പഴയ 248.8 സിസി DOHC ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ 27 bhp പരമാവധി കരുത്തും 23.5 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും.

2020 മാര്‍ച്ചിലാണ് ഡോമിനാര്‍ 250-യെ ബജാജ് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കുന്നത്. കാഴ്ച്ചയില്‍ ഡോമിനാര്‍ 400 ഉം 250യും മോഡലും ഏറെക്കുറെ സമാനമാണ്. കാന്‍യന്‍ റെഡ്, വൈന്‍ ബ്ലാക്ക്, ഒറോറ ഗ്രീന്‍ നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.

ബജാജ് ഓട്ടോയുടെ ഡൊമിനര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഡോമിനര്‍ 250. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന സ്പോര്‍ട്ട് ടൂറിംഗ് മെഷീനാണ് ബജാജ് ഡൊമിനര്‍ 250. കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

ബിഎസ് 6 പാലിക്കുന്ന ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 27 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കെടിഎം മോട്ടോര്‍സൈക്കിളില്‍ 30 എച്ച്പി, 24 എന്‍എം എന്നിങ്ങനെയാണ് പുറപ്പെടുവിക്കുന്നത്. ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിലെ എന്‍ജിനുമായി സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 132 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 10.5 സെക്കന്‍ഡ് മതി.

പെരിമീറ്റര്‍ ഫ്രെയിമിലാണ് ബജാജ് ഡോമിനര്‍ 250 നിര്‍മിച്ചിരിക്കുന്നത്. ഡോമിനര്‍ 400, ഡോമിനര്‍ 250 ബൈക്കുകള്‍ തമ്മില്‍ കാഴ്ച്ചയില്‍ ഏതാണ്ട് സമാനമാണ്. ബോഡി പാനലുകള്‍ ഒന്നുതന്നെ. എല്‍ഇഡി ഹെഡ്ലൈറ്റിലും മാറ്റമില്ല. ഇന്ധന ടാങ്കിന് പുറത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത രണ്ടാമതൊരു ഡിസ്പ്ലേ നല്‍കിയിരിക്കുന്നു. സമയം, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് വിവരങ്ങള്‍ എന്നിവ ഈ ഡിസ്പ്ലേയില്‍ അറിയാന്‍ കഴിയും. വലിയ, ചെറിയ ഡോമിനര്‍ ബൈക്കുകള്‍ 17 ഇഞ്ച് ചക്രങ്ങളാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ വീതി കുറഞ്ഞ ടയറുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 100/80 ടയറും പിന്നില്‍ 130/70 ടയറുമാണ് സേവനമനുഷ്ഠിക്കുന്നത്. വലിയ ഡോമിനറില്‍ ഇത് യഥാക്രമം 110/70, 150/60 റേഡിയല്‍ ടയറുകളാണ്. ഇരട്ട ബാരല്‍ എക്സോസ്റ്റ് മോട്ടോര്‍സൈക്കിളിന്റെ സ്പോര്‍ട്ടി സ്വഭാവം വര്‍ധിപ്പിക്കുന്നു.

 

Top