ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ്-ബിജെപി പോരാട്ടത്തിന് ഇസ്രായേല്‍-ഗസ്സ യുദ്ധവുമായി സാദൃശ്യമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്‍ മാനസികാവസ്ഥയുള്ള കോണ്‍ഗ്രസ് വിജയിച്ചാല്‍ സഹോദരിമാരും പെണ്‍മക്കളും ചൂഷണം ചെയ്യപ്പെടുമെന്ന് ഓര്‍ക്കണമെന്നും, താലിബാനുള്ള പ്രതിവിധി ബജ്‌റംഗ് ബലിയുടെ ഗദയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ അല്‍വാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരാജകത്വവും ഗുണ്ടായിസവും തീവ്രവാദവും സമൂഹത്തിന് ശാപമാണ്. അവരില്‍ രാഷ്ട്രീയം പിടിമുറുക്കുമ്പോള്‍, അത് പരിഷ്‌കൃത സമൂഹത്തെ ബാധിക്കും. ഗസ്സയില്‍ താലിബാന്‍ ചിന്താഗതി എങ്ങനെ തകര്‍ക്കപ്പെടുന്നുവെന്ന് നിങ്ങള്‍ കാണുന്നില്ലേ ലക്ഷ്യ സ്ഥാനങ്ങള്‍ കൃത്യതയോടെ തകര്‍ക്കപ്പെടുന്നു – അദ്ദേഹം പരാമര്‍ശിച്ചു.
സര്‍ദാര്‍ പട്ടേല്‍ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി, എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റു ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, അതിന്റെ ഫലമായി തീവ്രവാദം വ്യാപിച്ചു. ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് കശ്മീരിനെ പ്രശ്‌നരഹിതമാക്കി. അവിടെനിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് യോഗി അവകാശപ്പെട്ടു.