ജമ്മു കശ്മീര്‍: മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബജ്‌റംഗ് ദള്‍ നേതാവ്. ഗോവിന്ദ് പരാശറെയാണ് ഫറൂഖിനെതിരെ രംഗത്തെത്തിയത്.
കശ്മീരില്‍ സൈന്യത്തിനെതിരായ തീവ്രവാദി ആക്രമണങ്ങളെ ഫറൂഖ് അബ്ദുല്ല ന്യായീകരിക്കുന്നുവെന്നും അതിനാല്‍ രാജ്യദ്രോഹിയാണെന്നുമാണ് നേതാവിന്റെ വാദം. ബജ്‌റംഗ്ദളിന്റെ ആഗ്രയിലെ ഗോ രക്ഷാ സംഘത്തിന്റെ തലവനാണ് ഗോവിന്ദ് പരാശര്‍.
സൈന്യത്തെ അപമാനിക്കുന്ന എല്ലാ നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഇവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കണമെന്നും ഗോവിന്ദ് പരാശര്‍ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ഫാറൂഖ് അബ്ദുള്ള വിജയിച്ചിരുന്നു.
കശ്മീരിലെ ഭരണപക്ഷമായ പിഡിപിയുടെ സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ് ഖാനെ തോല്‍പ്പിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല ജയിച്ചത്. കശ്മീര്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഉപതിരഞ്ഞെടുപ്പില്‍ 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അബ്ദുല്ലയുടെ വിജയം