ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍

ശിവമോഗ: കര്‍ണാടക ശിവമോഗയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തില്‍ ആറുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായ എല്ലാവര്‍ക്കും നേരത്തെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൊത്തം 12 പേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആറുപേരില്‍ മൂന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. എല്ലാവരുടെയും പ്രായം 20നും 22നും ഇടയിലാണെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എസ്പി ലക്ഷ്മി പ്രസാദ് പറഞ്ഞു.

ശിവമോഗയില്‍ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഹര്‍ഷയുടെ സംസ്‌കാര ചടങ്ങില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കല്ലേറിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗ് ദള്‍ നേതാവായ ഹര്‍ഷയെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി.

ഹിജാബുമായി ബന്ധപ്പെട്ട വിവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ തള്ളിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മന്ത്രി കെ എസ് ഈശ്വരപ്പയും കേന്ദ്രസഹമന്ത്രി ശോഭ കരന്ത്‌ലജയും രംഗത്തെത്തി.

കസ്റ്റഡിയിലായത് 12 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സൂചനയുണ്ട്. ഞായറാഴ്ച വൈകിട്ടാണ് ശിവമൊഗ്ഗയിലെ സീഗാഹട്ടി സ്വദേശിയായ ഹര്‍ഷ കാറിലെത്തിയ അക്രമിസംഘത്തിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കാമത്ത് ഒരു പെട്രോള്‍ പമ്പിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഹര്‍ഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. അഞ്ച് പേരാണ് ഹര്‍ഷയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതില്‍ കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാണ്.

Top