അയോധ്യ: അയോധ്യയില്‍ ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ച ആയുധ പരിശീലനത്തിനെതിരെ പൊലീസ് കേസെടുത്തു. സ്വയരക്ഷയ്ക്ക് എന്ന വാദം ഉയര്‍ത്തിയാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ആയുധ പരിശീലനം സംഘടിപ്പിച്ചത്.
മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിസി 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹിന്ദു വിഭാഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ തടയുന്നതിന് പൊലീസിനെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ആശ്രയിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബജ്‌റംഗ്ദള്‍ ഇത്തരം ആയുധ പരിശീലനങ്ങള്‍ സംഘടിപ്പിച്ചത്.
രണ്ട് ദിവസം മുന്‍പാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം സംഘടിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. തോക്കും മറ്റ ആയുധങ്ങളും കൈയ്യിലേന്തി അക്രമത്തെ എങ്ങനെ നേരിടുന്നതിന്റെ മോക്ഡ്രില്‍ ആണ് വീഡിയോയില്‍ ഉള്ളത്.
അതേസമയം ആയുധ പരിശീലനത്തെ ന്യായീകരിച്ച് സംസ്ഥാന ഗവര്‍ണര്‍ തന്നെ രംഗത്ത് വന്നു. സ്വരക്ഷയ്ക്ക് വേണ്ടിയാണ് ആയുധ പരിശീലനം നല്‍കുന്നതെന്ന് ഗവര്‍ണര്‍ രാം നായിക് അഭിപ്രായപ്പെട്ടു. സ്വയം പ്രതിരോധിക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനത്തിനെതിരെ ഒരു ഭാഗത്തുനിന്നും എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്നും ഇതിന് പിന്നിലുള്ള ഉദ്ദേശം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സ്വരക്ഷയ്ക്കായി യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതില്‍ തെറ്റില്ലെന്നും നായിക് വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ബജ്‌റംഗ്ദളിന്റെ നീക്കങ്ങളെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വിമര്‍ശിച്ചു.
സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആയുധ പരിശീലന ക്യാംപും അതിനെതിരായ നടപടികളും ഉണ്ടായിരിക്കുന്നത്.