ഉജ്ജയ്ൻ: ബീഫിനെ പിന്തുണച്ചുള്ള പ്രസ്താവനയിൽ പ്രതിഷേധിച്ച് ബോളിവുഡ് ദമ്പതികളായ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്‌റംഗ്ദൾ. മധ്യപ്രദേശ് ഉജ്ജയ്‌നിലെ മഹാകൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണ് ബജ്‌റംഗ്ദൾ ‘വിലക്കേർപ്പെടുത്തിയത്’. ബ്രഹ്‌മാസ്ത്ര സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും ക്ഷേത്രദർശനത്തിനെത്തിയത്.
കരിങ്കൊടിയും ജയ് ശ്രീരാം മുദ്രാവാക്യം വിളിയുമായാണ് പ്രതിഷേധക്കാർ താരങ്ങളെ വരവേറ്റത്. പ്രതിഷേധക്കാരിൽ നിന്ന് താരങ്ങളെ രക്ഷപ്പെടുത്താൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാർക്കെതിരെ ശിക്ഷാനിയമത്തിലെ വകപ്പ് 353 പ്രകാരം കേസെടുത്തതായി ഉജ്ജയ്ൻ സിഎസ്പി ഓം പ്രകാശ് മിശ്ര പറഞ്ഞു.
2011 ൽ റോക്ക്സ്റ്റാർ സിനിമയുടെ പ്രെമോഷന്റെ ഭാഗമായുളള വീഡിയോയിലാണ് രൺബീർ തന്റെ ബീഫ് ആരാധനയെ കുറിച്ച് പറയുന്നത്. ഈ വീഡിയോ ഏറ്റെടുത്താണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
‘എന്റെ കുടുംബം പെഷവാറിൽനിന്നുള്ളതാണ്. അതു കൊണ്ടുതന്നെ ഒരുപാട് പെഷവാരി വിഭവങ്ങൾ അവരുടെ കൂടെയെത്തും. ഞാൻ മട്ടൻ, പായ, ബീഫ് ആരാധകനാണ്. അതേ, ഞാനൊരു വലിയ ബീഫ് ആരാധകനാണ്’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രതിഷേധങ്ങളെ തുടർന്ന് ബ്രഹ്മാസ്ത്ര സിനിമ ബഹിഷ്കരിക്കണമെന്നാണ് അവരുടെ ആവശ്യം.