ബ്രിജ്ഭൂഷന്റെ വിശ്വസ്തന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ മടക്കിനല്‍കി ബജ്രംഗ് പുനിയ

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ മടക്കിനല്‍കി ഗുസ്തി താരം ബജ്രംഗ് പുനിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ ലൈംഗികചൂഷണ ആരോപണത്തില്‍ സമരം ചെയ്തത്. താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ബ്രിജ് ഭൂഷന്‍ സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ്, ഏഴിനെതിരേ 40 വോട്ടുകള്‍ക്ക് വിജയിച്ചു.

വ്യാഴാഴ്ച ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം വന്നതിന് തൊട്ടു പിന്നാലെ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. തുടര്‍ന്ന് ഗുസ്തി കരിയര്‍ അവസാനിപ്പിക്കുന്നതായി ബൂട്ടുകള്‍ ഉപേക്ഷിച്ചുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു.

Top