ബാലഭാസ്‌കറിന്റെ മരണം ; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.

ബാലഭാസ്‌കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രകാശന്‍ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തുവെന്നും ക്രൈബ്രാഞ്ച് അറിയിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണെന്നും പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ബന്ധം സംബന്ധിച്ചാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ, ഉണ്ടെങ്കില്‍ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുള്ളത്, സ്വര്‍ണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോള്‍ ഏത് നിലയിലാണ് എന്നീ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ ഇടപെടലുകള്‍ സംബന്ധിച്ച് വ്യക്തത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയടക്കം രംഗത്തെത്തിയിരുന്നു.

Top