തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള കാറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ കേരളത്തിലെത്തിയതായി ക്രൈംബ്രാഞ്ച്. അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. എന്നാല്‍ ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
അര്‍ജുന്‍ നേരത്തെ അസമിലുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ മൂന്നു തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജുന്‍ സംശയനിഴലിലാകുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ മൂന്നു മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്.
എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടസമയത്ത് അര്‍ജുനാണ് കാര്‍ ഓടിച്ചിരുന്നതെന്നും ദൂരസ്ഥലങ്ങളില്‍ പോകുമ്പോള്‍ ബാലു കാര്‍ ഓടിക്കാറില്ലെന്നും ലക്ഷ്മി ഉറപ്പിച്ചു പറഞ്ഞു. അപകട സ്ഥലത്ത് ആദ്യമെത്തിയ ദൃക്സാക്ഷികളില്‍ ചിലരും ബാലഭാസ്‌കര്‍ പിന്‍സീറ്റിലാണ് ഉണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു.
അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൂന്നാമത്തെ മൊഴി.
അതേസമയം ബാലഭാസ്‌കറും കുടുംബവും രാത്രിയില്‍ യാത്ര ചെയ്തത് ആരുടെയും പ്രേരണയില്‍ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. തൃശൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കുകയില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിരിക്കുന്നത്. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്‌കറായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം മടങ്ങുന്ന വഴിയ്ക്കാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ, പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാന ദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പൂജയില്‍ പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു.