കൊച്ചി: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ അപകട മരണത്തില്‍ ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് സംഘം ഇന്നെടുക്കും. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡ്രൈവറുടെ സീറ്റില്‍ അര്‍ജ്ജുന്‍ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധന കഴിഞ്ഞ് ഡാക് ഡിആര്‍ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെ വീട്ടില്‍നിന്ന് 3 മൊബൈലുകള്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ബാലഭാസ്‌കറിന്റെതാണെന്നാണ് സുഹൃത്ത് പ്രകാശന്‍ തമ്പിയുടെ മൊഴി.
3 ഫോണുകളും സ്വര്‍ണക്കടത്തുകേസില്‍ ആദ്യം പിടിയിലായ സെറീനയുടേയും സുനില്‍കുമാറിന്റെയും ഫോണുകളും ഡിആര്‍ഐ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാഫലം ഡിആര്‍ഐയ്ക്ക് കൈമാറിയതായി സി ഡാക് ഫൊറന്‍സിക് വിഭാഗം മേധാവി അനന്തലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു