തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോതമംഗലം സ്വദേശി കലാഭവന്‍ സോബി രംഗത്തെത്തി.
അപകടം നടന്ന സമയത്ത് തിരുനല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറയുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവര്‍ നിരസിക്കുകയും ചെയ്തതായി സോബി പറയുന്നു.
പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാര്‍ത്തയറിഞ്ഞത്. ഉടന്‍തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതിയായ വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി ആരോപിച്ചിരുന്നത്. തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചത്.