‘കാറോടിച്ചത് ബാലഭാസ്‌കര്‍’ ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ കോടതിയില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍. അപകടസമയത്തു ബാലഭാസ്‌കറാണു വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ജുന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചത്.

ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്നു ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. എന്നാല്‍ പിന്‍സീറ്റിലാണ് താനിരുന്നതെന്നാണ് അര്‍ജുന്റെ വാദം. ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്‍ജുന്‍ എതിര്‍ കക്ഷിയാക്കിയിട്ടുള്ളത്.

Top