കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാക്കനാട്ടെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ജയിലിലെ സൗകര്യം അനുസരിച്ച് ചോദ്യം ചെയ്യാനാണ് എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയത്.
കലാഭവന്‍ സോബിയുടെയും ബാലഭാസ്‌ക്കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടമ ഷംനാദിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമായും ചോദ്യം ചെയ്യുക. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കടയുടമ നിഷേധിച്ചു.
അതിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നും ജ്യൂസ് കഴിച്ചതിന് ശേഷം ബാലഭാസ്‌ക്കര്‍ വാഹനമോടിച്ചെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുന്‍ തന്നെയാണ് വണ്ടിയെടിച്ചതെന്ന നിലപാടില്‍ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ഉറച്ചുനില്‍ക്കുന്നു.