ബാലഭാസ്‌ക്കറിന്റെ മരണം; തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

തൃശ്ശൂര്‍ : ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പരിശോധന നടത്തി. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തുന്നുണ്ട്. ബാലഭാസ്‌കറും കുടുംബവും പൂജ നടത്തിയ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകളാകും പരിശോധിക്കുക. ക്രൈം ബ്രാഞ്ച് സംഘം ക്ഷേത്രത്തിനകത്തും പരിശോധന നടത്തി. ഉച്ചയ്ക്ക് ശേഷം ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.

അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ദൂരൂഹ സാഹചര്യത്തില്‍ കടന്ന് കളയുന്നത് കണ്ടുവെന്ന വാദവുമായി കലാഭവന്‍ സോബി രംഗത്തെത്തിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കാരണമായെന്ന ആക്ഷേപവും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവ് ശേഖരണത്തിനായി ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചത്.

സെപ്തംബര്‍ 25 ന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വടക്കുംനാഥ ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്.

Top