ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക്. ഡിജിപിയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം.

ഡിവൈഎസ്പിയുടെ കീഴില്‍ ആറ്റിങ്ങല്‍, പോത്തന്‍കോട് സിഐമാരെയും ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുക. ബാലഭാസ്‌കറിന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനകം ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയില്‍ നിന്നും മൊഴിയെടുക്കുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു.

മരണത്തില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴിയിലെ വൈരുധ്യം പൊലീസ് പരിശോധിച്ചു വരികയാണ്.

സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഒക്ടോബര്‍ രണ്ടിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top