ബാലഭാസ്ക്കറിന്റെ മരണത്തെ പോലും വിവാദമാക്കിയ ബന്ധുക്കൾ എവിടെ ?

കൊറോണയുടെ ഭീതിയിലാണ് ഇന്ന് ലോകം.ദിവസേന മരിച്ചു വീഴുന്നത് ആയിരങ്ങളാണ്.

ലോകം ഇന്നുവരെ കാണാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കേരളവും അതീവ ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. പുറത്തിറങ്ങാതെ ഇരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന്, നാം ഓരോരുത്തരും ഓര്‍ക്കുക തന്നെ വേണം.

‘ജനതാ കര്‍ഫ്യൂ’ ലോകത്തിന് നല്‍കുന്ന സന്ദേശവും അതു തന്നെയാണ്.

ഇനി മറ്റൊരു കാര്യമാണ് ഞങ്ങള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്. കൊറോണ ഭീതി കൊണ്ട് മാത്രം, മാറ്റി വയ്ക്കപ്പെടേണ്ട കാര്യമല്ല അത്.

പറയുന്നത്, വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തെ കുറിച്ചാണ്. ഈ ദൗര്‍ഭാഗ്യകരമായ മരണത്തെ കൊലപാതകമാക്കി ചിത്രീകരിച്ചവര്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. എന്തിനേറെ ഇത്തരക്കാരുടെ വാക്കുകള്‍ കേട്ട് ബാലഭാസ്‌ക്കറിന്റെ പിതാവും എടുത്തു ചാടുകയുണ്ടായി. ഈ ആക്ഷേപങ്ങള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലന്നാണ് ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ ഇപ്പോള്‍
കണ്ടെത്തിയിരിക്കുന്നത്.

അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

അപകടം സംബന്ധിച്ച അന്വേഷണം ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയില്‍ സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നതാണ്. എന്നാല്‍, സിബിഐക്ക് അന്വേഷണം കൈമാറുന്ന ഘട്ടത്തില്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കുകയാണുണ്ടായത്.

സിബിഐക്ക് നല്‍കാന്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ സിബിഐ പരിശോധിച്ചുവരികയാണ്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് പറയുന്നത്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണി ഉന്നയിച്ച സംശയങ്ങളെല്ലാം അന്വേഷിച്ചതായും ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കമിട്ട് നിരത്തിയാണ് ഇക്കാര്യങ്ങളെല്ലാം അന്വേഷണം സംഘം വ്യക്തമാക്കിയിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കെ. നാരായണന്, അമിതവേഗം കാരണം നിയന്ത്രണം വിട്ടതാണ്, അപകടത്തിന് കാരണമെന്നാണ് പുതിയ കണ്ടെത്തല്‍.

25.09.2018ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് ബാലഭാസ്‌കര്‍ തൃശൂരില്‍ നിന്നും പുറപ്പെട്ടത്. മൂന്നര മണിക്കൂറിനകം തന്നെ 260 കിലോമീറ്റര്‍ ദൂരം മറികടന്നതു തന്നെ ഡ്രൈവറുടെ അമിത വേഗത വ്യക്തമാക്കുന്നതാണ്. ചാലക്കുടിയിലെ ക്യാമറയില്‍ കാറിന്റെ വേഗത 95 കിലോമീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അമിത വേഗത മൂലം കാര്‍ മരത്തിടിച്ച് തകരുകയാണുണ്ടായത്.

അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ ആരോപണം കള്ളമാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി
യിട്ടുണ്ട്.സോബി കണ്ടെന്ന് പറയുന്ന വിഷ്ണു സോമസുന്ദരം ആ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് പാസ്‌പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

ബാല ഭാസ്‌കറിന്റെ കുടുംബസുഹൃത്ത് ലത, ഡോ. രവീന്ദ്രനാഥ് എന്നിവരുമായുള്ള സാമ്പത്തിക ഇപാടില്‍ സംശയമുണ്ടെന്ന ആരോപണവും പൊളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ബാലഭാസ്‌കര്‍ നല്‍കിയ പത്തു ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചുനല്‍കിയിട്ടുണ്ടെന്നാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വ്യക്തമാക്കുന്നത്. ഈ വിവരവും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐ അല്ല ഇന്റര്‍ പോള്‍ അന്വേഷിച്ചാലും ഇതിലപ്പുറം മറ്റൊന്നും കണ്ടെത്താനില്ലെന്ന നിലപാടിലാണ് കേരളാ പോലീസ്.

അപകടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, ബാലഭാസ്‌ക്കറിനെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കണ്ണി വരെയാക്കിയാണ് ചിത്രീകരിച്ചിരുന്നത്. അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയെ പോലും പലരും ‘കൊത്തി’ പറിക്കുകയുണ്ടായി.വാഹനത്തില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണത്തിന്റെ കണക്ക് പറഞ്ഞ് രംഗത്തെത്തിയത് ബാലഭാസ്‌ക്കറിന്റെ ഒരു ബന്ധുവാണ്. വിവാഹ മോചനത്തിന് ബാല ഭാസ്‌ക്കര്‍ ശ്രമിച്ചിരുന്നതായ ആക്ഷേപം ഉയരുകയുണ്ടായി.

മരിച്ചിട്ടും വിടാതെ ബാലഭാസ്‌ക്കറിനെ ദ്രോഹിക്കുന്ന ഏര്‍പ്പാടായിരുന്നു ഇതെല്ലാം.

കോളജില്‍ പഠിക്കുമ്പോള്‍ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ബാലഭാസ്‌ക്കറും ലക്ഷ്മിയും.ഏറെ വൈകി ലഭിച്ച മകളുമൊത്ത് സന്തോഷപൂര്‍വ്വമാണ് ഇരുവരും ജീവിച്ചിരുന്നത്. ഈ ജീവിതത്തെയാണ് ഒരു വിഭാഗം ‘കലാപ’ കലുഷിതമായി വിശേഷിപ്പിച്ചിരുന്നത്. ഇത് ഏറ്റു പിടിക്കാന്‍ ചില ഞരമ്പു രോഗികളും ഉണ്ടായിരുന്നു. അവര്‍ക്കും ആവശ്യം വിവാദങ്ങളായിരുന്നു. അന്യന്റെ കണ്ണീരില്‍ ആനന്ദിക്കുന്ന ഒരു തരം ക്രൂരതയാണിത്.

കൊറോണ പിടിപെട്ടു എന്നറിഞ്ഞിട്ടും, മറ്റുള്ളവരില്‍ അത് പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ, മാനസികാവസ്ഥ തന്നെയാണിതും.

ഇത്തരക്കാരുടെ വാദങ്ങള്‍ വാര്‍ത്തയാക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും മത്സരിക്കുകയുണ്ടായി. ചാനല്‍ ചര്‍ച്ചകളിലും അപകട മരണം കൊലപാതകമായാണ്
മാറ്റിയിരുന്നത്.

അന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വ്യാപകമായി വേട്ടയാടപ്പെടുകയുണ്ടായി.

ക്രൈംബ്രാഞ്ച് വെളിപ്പെടുത്തലോടെ പറഞ്ഞ വാക്കുകള്‍ വിഴുങ്ങാന്‍ ഈ മാധ്യമങ്ങളെങ്കിലും ഇനി തയ്യാറാകുമോ ?

കൊറോണ കാലത്ത് ശ്രദ്ധിക്കപ്പെടാത്ത ഒരു വാര്‍ത്തയായാണ്, ഈ അന്വേഷണ റിപ്പോര്‍ട്ടും നിലവില്‍ കടന്നു പോകുന്നത്.

സങ്കുചിത താല്‍പ്പര്യത്തോടെ വാര്‍ത്തയെ സമീപിക്കുന്ന, മാധ്യമങ്ങളാണ് ഇവിടെ സ്വയം തിരുത്തേണ്ടത്. അതല്ലങ്കില്‍ അവരെ തിരുത്താന്‍ ജനങ്ങള്‍ തന്നെ, തയ്യാറാവണം.

ബാലഭാസ്‌ക്കര്‍ ഈ നാടിന്റെ നൊമ്പരമാണ്. ഒരു പക്ഷേ ജീവിച്ചിരുന്നു എങ്കില്‍ ഈ മഹാമാരിയിലും അദ്ദേഹം നമുക്ക് ആശ്വാസമാകുമായിരുന്നു.

ടൈറ്റാനിക്ക് എന്ന സിനിമയില്‍ മുങ്ങുന്ന കപ്പലില്‍ അവസാന നിമിഷം വരെ വയലിന്‍ വായിക്കുന്ന ഒരു സംഘമുണ്ട്. ഈ സിനിമ കണ്ട ആര്‍ക്കും കരളലിയിക്കുന്ന ആ ദൃശ്യം മറക്കാന്‍ കഴിയുകയില്ല.

മരണത്തിന് മുന്നില്‍ പോലും നമ്മുടെ ദു:ഖങ്ങളെ അകറ്റാനുള്ള മാന്ത്രിക വിദ്യയാണ്
വയലിനുള്ളത്.

ബാലഭാസ്‌കര്‍ ജീവിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും ഈ പ്രതിസന്ധിയില്‍
അദ്ദേഹം നമ്മളെയും ത്രസിപ്പിക്കുമായിരുന്നു.

കൊലയാളി വൈറസുകള്‍ക്കെതിരായ പോരാട്ടത്തിനും നമുക്ക് ആദ്യം വേണ്ടത് മാനസികമായ നിശ്ചയദാര്‍ഢ്യവും സന്തോഷവുമാണ്.

വീടുകളില്‍ ക്വാറന്റെയിനില്‍ കഴിയുന്നവര്‍ക്കും ആശുപത്രികളില്‍ ഐസലേഷനുകളില്‍ കഴിയുന്നവര്‍ക്കും അതിജീവനത്തിനും ആത്മവിശ്വാസത്തിനും സംഗീതം നല്ലൊരു മരുന്നു തന്നെയാണ്.

ഇത്തരമൊരു അസാധാരണ സാഹചര്യമായതിനാലാണ് ബാലുവിനെയും ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്.


Staff Reporter

Top