തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീല്‍.
ബാലഭാസ്‌കര്‍ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ തനിയ്ക്കും മറ്റൊരു സുഹൃത്ത് സനല്‍രാജിനുമൊപ്പമാണ് പ്രകാശ് തമ്പി പോയതെന്നും ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി മാറ്റിയപ്പോള്‍ സംശയം തോന്നിയെന്നും ഇക്കാരണത്താലാണ് ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും ജമീല്‍ പറഞ്ഞു.
പ്രകാശ് തമ്പിയുടെയും അര്‍ജ്ജുന്റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജ്ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.
എന്നാല്‍, പ്രകാശ് തമ്പി കടയില്‍ നിന്നും ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടില്ലെന്ന് കടയുടമ ഷംനാദ് മൊഴി മാറ്റി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് തമ്പിയോടൊപ്പം വന്ന ജമീലിന്റെ മൊഴി നിര്‍ണ്ണായകമാവുന്നത്. അതേസമയം അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.