തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും.
ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കണമെന്ന് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണകടത്ത് കേസില്‍ കാക്കനാട്ടെ ജയിലില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കുന്നത്.
പ്രകാശ് തമ്പിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതിനും ബാലഭാസ്‌കര്‍ ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹത്തിനെ നേരില്‍ കണ്ട് അടുത്ത് ഇടപെട്ടവര്‍ ആരൊക്കെ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിയുന്നതിനും വേണ്ടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുന്നത്.