ബാലഭാസ്‌ക്കറിന്റെ മരണം: വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

Balabhaskar

കൊച്ചി : വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് കോതമംഗലം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ്. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസിന് മുന്‍പാകെ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ തയ്യാറാണെന്നും സോബി വ്യക്തമാക്കി.

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും എറണാകുളത്തിന് പുറത്തുപോയി മൊഴി നല്‍കണമെങ്കില്‍ പൊലീസ് സംരക്ഷണം വേണമെന്നും സോബി ആവശ്യപ്പെട്ടു. മൊഴി നല്‍കിയ ശേഷം തനിക്ക് വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും സോബി കൂട്ടിച്ചേര്‍ത്തു.

അപകടം നടന്ന സമയത്ത് തിരുനല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായാണ് കഴിഞ്ഞ ദിവസം സോബി വെളിപ്പെടുത്തിയത്. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവര്‍ നിരസിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു.

പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാര്‍ത്തയറിഞ്ഞത്. ഉടന്‍തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി വ്യക്തമാക്കിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതിയായ വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

Top