ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണത്തിന് പകരം വീട്ടാന്‍ ഇന്ത്യയില്‍ വന്‍ ആക്രമണം നടത്താന്‍ പാക്ക് വ്യോമസേന തയ്യാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനുപിന്നാലെ പാക്ക് വ്യോമസേന ഇന്ത്യയെ ലക്ഷ്യംവെച്ച് പദ്ധതി തയ്യാറാക്കിയിരുന്നു.
അമേരിക്കന്‍ നിര്‍മ്മിത എഫ്16 വിമാനങ്ങളും മിറാഷ്3 വിമാനങ്ങളും ജെ.എഫ്17 വിമാനങ്ങളും ഉള്‍പ്പെടെ ഇരുപതിലേറെ യുദ്ധവിമാനങ്ങളാണ് അവര്‍ ആക്രമണത്തിനായി ഒരുക്കിയത്. ആയിരം കിലോയോളം വരുന്ന എച്ച്4 ബോംബുകളും സജ്ജമാക്കിയിരുന്നു. മൂന്നുസ്ഥലങ്ങളിലാണ് പാക്ക് വ്യോമസേന ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതെങ്കിലും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
പാക്ക് വിമാനങ്ങളില്‍നിന്ന് വര്‍ഷിച്ച ബോംബുകള്‍ ലക്ഷ്യംതെറ്റിയാണ് പതിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചടിച്ചതോടെ പാക്ക് വിമാനങ്ങളുടെ ലക്ഷ്യസ്ഥാനം തെറ്റിപ്പോയി. ജമ്മുകശ്മീരിലെ ഒരു സൈനിക ക്യാമ്പിന് നേരെ ആക്രമണമുണ്ടായെങ്കിലും വലിയ മരങ്ങള്‍ ചുറ്റുമുണ്ടായിരുന്നതിനാല്‍ ബോംബുകളുടെ ഗതിമാറിപ്പോയെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. പാക്ക് വിമാനങ്ങളെ തുരുത്തുന്ന ദൗത്യത്തിനിടെയാണ് പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ എഫ് 16 വിമാനം തകര്‍ത്തതെന്നും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.