ന്യൂഡല്‍ഹി:ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍. വ്യോമസേന ബാലാക്കോട്ട് നടത്തിയ തിരിച്ചടിയുടെ തെളിവുകള്‍ വേണമെന്നാണ് ജവാന്മാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ട് ജവാന്മാരുടെ ബന്ധുക്കളാണ് ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സി.ആര്‍.പി.എഫ്. ജവാന്മാരായ പ്രദീപ്കുമാറിന്റെയും രാം വകീലിന്റെയും ബന്ധുക്കളാണ് ബാലക്കോട്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ വാദിക്കുമ്പോള്‍ എങ്ങനെ വിശ്വസിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് നമുക്ക് തെളിവുകള്‍ ഉണ്ട്. ഇതുപോലെ ബാലാക്കോട്ട് നടന്ന അക്രമണത്തിന്റെ തെളിവുകളും കാണണമെന്നുണ്ട്. വ്യോമാക്രമണം നടന്നതായി തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും രാം വകീലിന്റെ സഹോദരി രാംറക്ഷ പറഞ്ഞു. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും എന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും എന്നാല്‍ മാത്രമേ തന്റെ സഹോദരന്റെ വീരമൃത്യുവിനുള്ള പ്രതികാരമാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദീപ്കുമാര്‍ എന്ന ജവാന്റെ മാതാവും ഇതേ ആവശ്യം തന്നെയാണ് ഉന്നയിച്ചത്. ഞങ്ങള്‍ ഒരിക്കലും തൃപ്തരല്ല, ആരെയും ഞങ്ങള്‍ അവിടെ മരിച്ചതായി കണ്ടില്ല. അവിടെ മരിച്ചവരെ സംബന്ധിച്ച് സ്ഥിരീകരിച്ച വാര്‍ത്തകളുമില്ല. അവര്‍ മരിച്ചുകിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണം. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണണം പ്രദീപ്കുമാറിന്റെ മാതാവ് സുലേലത പറഞ്ഞു.
ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ആളപായം ഒന്നും തന്നെയില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചതെന്നും പാക്കിസ്ഥാന്‍ തുടക്കം മുതലേ വാദിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈ വാദത്തെ തള്ളുകയായിരുന്നു