കൊട്ടാരക്കര: പത്തനാപുരം കമുകുംചേരി എന്‍.എസ്.എസ് കരയോഗ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള ഖേദം പ്രകടിപ്പിച്ചു.
ചെയ്യാത്ത തെറ്റിനാണെങ്കില്‍ കൂടി, തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയോ ദു:ഖമോ ഉണ്ടാക്കിയെങ്കില്‍ നിര്‍വ്യാജമായി ഖേദിക്കുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കിയെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരിക്കലും ന്യൂനപക്ഷ വിരുദ്ധനല്ല. എല്ലാ മതത്തേയും ഒരുപോലെയാണ് കാണുന്നത്. തന്റെ മുന്‍നിലപാടുകള്‍ പരിശോധിച്ചാല്‍ താന്‍ ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് എല്ലാവര്‍ക്കും മനസിലാവും.
മുസ്ലീം സമുദായത്തോട് തനിക്ക് നല്ല ബന്ധമാണുള്ളത്. വര്‍ഷം അഞ്ചു പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരാളെ ഹജ്ജിന് താന്‍ അയച്ചിട്ടുണ്ട്.
ഒന്നേകാല്‍ മണിക്കൂര്‍ താന്‍ നടത്തിയ പ്രസംഗം 35 മിനിട്ടായി എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടത്. ഇത് ചെയ്തത് ആരെന്ന് തനിക്കറിയാം. എന്‍.എസ്.എസിലുള്ളവരാണോ നായരാണോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല.
എന്നാല്‍, എന്‍.എസ്.എസിലുള്ള ആരുമല്ല ശബ്ദരേഖ പുറത്ത് വിട്ടത്.
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഇതുവരെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി താനൊന്നും ചെയ്തിട്ടില്ലെന്നും പിള്ള പറഞ്ഞു. ഇത്തരമൊരു ആരോപണം ഉയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമായിരുന്നു കഴിഞ്ഞു പോയത്. പുറത്ത് പറയാനാവാത്ത പലതും സമുദായ യോഗങ്ങളില്‍ പറയേണ്ടി വരും. പള്ളികളില്‍ ബാങ്ക് വിളിക്കുന്നത് നായയുടെ കുര പോലെയാണെന്ന് പറയാന്‍ തനിക്ക് ഭ്രാന്തുണ്ടോയെന്നും പിള്ള ചോദിച്ചു.