എൻ.എസ്.എസ് നിലപാടിൽ കോൺഗ്രസ്സിനും ബി.ജെ.പിക്കും ആശങ്ക, ഇടതിന് ആശ്വാസം

nss

ആലപ്പുഴ: ചെങ്ങന്നൂരില്‍ പൊടി പാറുന്ന പ്രചരണം നടക്കെ പ്രമുഖ സമുദായ സംഘടനയായ എന്‍.എസ്.എസിന്റെ നിലപാടില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ആശങ്ക.

ദേവസ്വം ബോര്‍ഡില്‍ പത്തു ശതമാനം സംവരണം മുന്നോക്കക്കാര്‍ക്ക് ഉറപ്പാക്കിയത് പിണറായി വിജയന്‍ സര്‍ക്കാര്‍ മാത്രമാണെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണമാണ് ഇരു പാര്‍ട്ടികളുടെയും ചങ്കിടിപ്പിക്കുന്നത്.

പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പ്രതികരണം.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ സംവരണം വേണമെന്ന ആവശ്യം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുന്നോക്ക സംവരണം നടപ്പിലാക്കാന്‍ ഇഛാശക്തി കാട്ടിയെന്ന് ജി സുകുമാരന്‍ നായര്‍ ചൂണ്ടികാട്ടി. സമുദായം സംഘടിതമാണെന്നും സംഘടനയുടെ പ്രവര്‍ത്തനം ലാഭേച്ച കൂടാതെയാണെന്ന് ഇടതു സര്‍ക്കാരിന് ബോധ്യമായതുകൊണ്ടാണ് സംവരണം നല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍.എസ്.എസിന്റേത് സമദൂരമാണെങ്കിലും ചില സമയങ്ങളില്‍ ശരി ദൂരം വേണ്ടി വരുമെന്നും അത് ജനറല്‍ സെക്രട്ടറി തീരുമാനിക്കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും പറഞ്ഞു.

മുന്നാക്ക വോട്ട് പരമാവധി സമാഹരിക്കാനാണ് ആ വിഭാഗത്തിലെ ആളുകളെ തന്നെ ബി.ജെ.പിയും കോണ്‍ഗ്രസ്സും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരുന്നത്. ചെങ്ങന്നൂരില്‍ ഏറ്റവും അധികം സ്വാധീന ശക്തിയുള്ള വിഭാഗമാണ് നായര്‍ സമുദായം.

സാധാരണ തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന സമദൂരം ചെങ്ങന്നൂരില്‍ ‘ശരി’ ദൂരമാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും ഇടത് പ്രവര്‍ത്തകരും.

ചെങ്ങന്നൂരില്‍ നായര്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകുലമാക്കാന്‍ പ്രവര്‍ത്തിക്കുന്നത് മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയാണ്. കെ.ബി.ഗണേഷ് കുമാറും ഇവിടെ സജീവമായ ഇടപെടല്‍ നടത്തി വരുന്നുണ്ട്.

ബി.ജെ.പി, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എന്‍.എസ്.എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമുണ്ടെങ്കിലും ഇതുവരെ അനുകൂലമായ ‘സിഗ്‌നല്‍’ പെരുന്നയില്‍ നിന്നും അവര്‍ക്ക് ലഭിച്ചിട്ടില്ല.

ചെങ്ങന്നൂര്‍ നിലനിര്‍ത്തുക എന്നത് ഇടതുപക്ഷത്തിന്റെ അഭിമാന പ്രശ്‌നമാണ് പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിലനില്‍പ്പിനു തന്നെ അനിവാര്യവുമാണ്.

ബി.ജെ.പിക്ക് ആവട്ടെ ബി.ഡി.ജെ.എസ് ഇല്ലാതെ തന്നെ ഒറ്റക്ക് ശക്തി തെളിയിക്കാനുള്ള സുവര്‍ണ്ണാവസരവുമാണ്. വോട്ട് കുറഞ്ഞാല്‍ അതും നാണക്കേടാവും.ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു വേണ്ടി ശക്തമായി പ്രചരണം നടത്തുന്നത്.

പിണറായി സര്‍ക്കാറിന്റെ ജനോപകരമായ നടപടികള്‍ക്കുള്ള അംഗീകാരമായിരിക്കും ചെങ്ങന്നുരിലെ വിധിയെഴുത്തെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ , വി.എസ് അച്ചുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ മണ്ഡലം ഉഴുത് മറിക്കുന്നതോടെ വന്‍ ഭൂരിപക്ഷത്തിന് സജി ചെറിയാന്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെമ്പട.

Top