എന്‍എസ്എസിലൂടെ യുഡിഎഫിലേയ്ക്ക് വഴിതേടി ബാലകൃഷ്ണപിള്ള; തടയിടാന്‍ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമലയില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി തിരിച്ചറിഞ്ഞ് എന്‍.എസ്.എസിലൂടെ യു.ഡി.എഫ് പ്രവേശനത്തിന് വഴിതേടി കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി ഗണേഷ്‌കുമാറും. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കടന്നാക്രമിച്ച ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷും ശബരിമലവിഷയത്തില്‍ എന്‍.എസ്.എസാണ് ശരിയെന്നു നിലപാട് മാറ്റിയത് ഈ നീക്കത്തിന് ശക്തിപകരുകയാണ്.

എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനും പിള്ള ശ്രമം തുടങ്ങി. അതേസമയം സോളാര്‍ വിവാദത്തില്‍ സരിതയെ ഉപയോഗിച്ച് അപമാനിച്ചതിനാല്‍ പിള്ളയെയും മകനേയും യു.ഡി.എഫില്‍ തിരിച്ചെടുക്കേണ്ടെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. പിള്ളയുടെ സഹായമില്ലെങ്കിലും കൊട്ടാരക്കരയും പത്തനാപുരവും നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാമെന്നാണ് കൊല്ലം ഡി.സി.സിയുടെ വികാരവും. ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പിനെ മറികടക്കാന്‍ സോളാര്‍ വിവാദത്തിലടക്കം അനുകൂല നടപടിയുണ്ടാക്കാമെന്ന ഉറപ്പും നല്‍കിയെന്നാണ് വിവരം.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയാല്‍ യു.ഡി.എഫിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് പിള്ള. എന്നാല്‍ ഈ നീക്കത്തിന് ഇതുവരെ സുകുമാരന്‍നായര്‍ അനുകൂല നിലപാടെടുത്തിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗണേഷിന്റെ പത്തനാപുരവും പിള്ളയുടെ തട്ടകമായ കൊട്ടാരക്കരയിലും പിന്നോക്കം പോയതും നായര്‍ വോട്ടുകള്‍ പ്രതികൂലമായതും സി.പി.എം നേതൃത്വത്തിനും പിള്ളയെ അനഭിമതനാക്കിയിട്ടുണ്ട്.

sukumaran-nair

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയോട് എതിര്‍ത്ത് ബാലകൃഷ്ണപിള്ള വഴി നായര്‍ വോട്ടുകള്‍ അനുകൂലമാക്കാമെന്നായിരുന്നു സി.പി.എം പ്രതീക്ഷ. എന്നാല്‍ നായര്‍വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനു ലഭിക്കുകയായിരുന്നു. ഇനി പിളളയെയും മകനെയും പേറേണ്ടെന്ന വികാരവും സി.പി.എം അണികള്‍ക്കിടയിലുണ്ട്.

ശബരിമല സ്ത്രീപ്രവേശനത്തില്‍ എന്‍.എസ്.എസിനെ വിമര്‍ശിച്ചും പിണറായിയെ ന്യായീകരിച്ചുമാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിള്ളയും മകന്‍ ഗണേഷും രംഗത്തു വന്നത്. കൊല്ലത്തെ റാലിയില്‍ എന്‍.എസ്എസിനെ രൂക്ഷമായി വിമര്‍ശിക്കാനും ബാലകൃഷ്ണപിള്ള തയ്യാറായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിള്ളയുടെ പഴയ മണ്ഡലമായിരുന്ന കൊട്ടാരക്കരയിലും ഗണേഷ്‌കുമാറിന്റെ മണ്ഡലമായ പത്തനാപുരത്തും മാവേലിക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷാണ് ലീഡ് ചെയ്തത്.

പത്തനാപുരത്ത് സിനിമാതാരം ജഗദീഷിനെ 24562 വോട്ടിനു തോല്‍പ്പിച്ചാണ് ഗണേഷ്‌കുമാര്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് 14732 വോട്ടിന്റെ ഭീരിപക്ഷം നേടുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. പിള്ളയുടെയും ഗണേഷിന്റെയും ബൂത്തില്‍ പോലും കോണ്‍ഗ്രസാണ് മുന്നിട്ടു നിന്നത്.

എന്‍.എസ്.എസ് വോട്ട് കോണ്‍ഗ്രസിലേക്ക് മറിഞ്ഞതാണ് പത്തനാപുരത്തും കൊട്ടാരക്കരയിലും തിരിച്ചടിക്കു കാരണമെന്നു മനസിലായതോടെയാണ് എന്‍.എസ്.എസിനെ പിന്തുണച്ച് പിണറായിയെ തള്ളിപ്പറഞ്ഞ് പിള്ളയും മകനും രംഗത്തെത്തിയത്. അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ സുപ്രീംകോടതിയില്‍ വരെ കേസുനടത്തി ജയിലിലടച്ച് വി.എസ് അച്യുതാനന്ദന്റെ വാക്കുകേള്‍ക്കാതെയാണ്‌ പിള്ളയെയും മകനെയും ഇടതുമുന്നണിയിലെടുത്തത്. സരിതയുടെ സോളാര്‍ അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് മന്ത്രിമാരെയും കുടുക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷുമായിരുന്നു.

ആദ്യ ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്നും അടിവാങ്ങിയതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെക്കേണ്ടിവന്ന ഗണേഷിനെ തിരികെ മന്ത്രിസഭയിലെടുക്കാത്തതിന്റെ പ്രതികാരമായാണ് സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുണ്ടായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ കത്തടക്കമുള്ളവ പുറത്തുവിട്ടതിന് പിന്നില്‍ ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്റെയും പങ്കും വിവാദമായിരുന്നു.

യു.ഡി.എഫ് വിട്ട പിള്ളയും മകനും ഇടതുപക്ഷത്തേക്ക് ചേക്കേറുകയും ചെയ്തു. ഇടമലയാര്‍കേസില്‍ വി.എസ് അച്യുതാനന്ദന്‍ കേസ് നടത്തിയതോടെയാണ് പിള്ളയെ അഴിമതി നിരോധന നിയമപ്രകാരം സുപ്രീംകോടതി ശിക്ഷിച്ചത്. അഴമിതി നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ മുന്‍ മന്ത്രിയായിരുന്നു പിള്ള. പിള്ളയെ ജയിലിലിടച്ചതില്‍ പ്രതിഷേധിച്ച് നടന്ന പൊതുയോഗത്തില്‍ വി.എസ് അച്യുതാനന്ദനെ ഞരമ്പ് രോഗിയെന്ന് ഗണേഷ്‌കുമാര്‍ അവഹേളിച്ചിരുന്നു. ഇതെല്ലാം മറന്നാണ് കേരള കോണ്‍ഗ്രസ് ബിയെ ഇടതുമുന്നണിയിലെടുത്തത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ള പിള്ളക്ക് കാബിനറ്റ് റാങ്കോടെയാണ്‌ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കിയത്. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിനാല്‍ അതൃപ്തിയിലായിരുന്നു ഗണേഷ്‌കുമാര്‍.

Top