കാശ്മീരിലെ ആക്രമണത്തിന് തിരിച്ചടി ബലൂചിസ്ഥാനിൽ നിന്നും തുടങ്ങി ഇന്ത്യ

കാശ്മീരിലെ ഭീകരാക്രമണത്തിന് ബലൂചിസ്ഥാനിലൂടെ ഇന്ത്യ മറുപടി നല്‍കുമോ ?

1971ല്‍ യുദ്ധത്തിലൂടെ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കിഴക്കന്‍ പാക്കിസ്ഥാനെ മോചിപ്പിച്ച് ബംഗ്ലാദേശിന് ജന്മം നല്‍കിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു സമാനമായ നീക്കം നരേന്ദ്രമോദിയില്‍ നിന്നുണ്ടാകുമോ എന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റു നോക്കുന്നത്.

കാശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു മൂന്നാം നാള്‍ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ പാക് പട്ടാള വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒമ്പത് പാക് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബലൂചിസ്ഥാന്‍ വിമോചന മുന്നണിയും ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡും ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പങ്കാണ് ഇവിടെ പാക്കിസ്ഥാന്‍ സംശയിക്കുന്നത്. കാശ്മീരിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് ബലൂചിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരപരാധികളെ കൊന്നൊടുക്കുന്ന പാക്കിസ്ഥാന്റെ മനുഷ്യത്വമില്ലാത്ത ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കേണ്ടസമയമായെന്നും ബലൂചിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വാഹിദ് ബലൂച് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യക്ക് കാശ്മീരെന്ന പോലെയാണ് പാക്കിസ്ഥാന് ബലൂചിസ്ഥാനും.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിന്റെ വലിപ്പമുള്ള ബലൂചിസ്ഥാനിലെ ജനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള മോചനത്തിനായുള്ള പോരാട്ടത്തിലാണ്. പാക്കിസ്ഥാന്റെ ഭൂവിസ്തൃതിയുടെ 40 ശതമാനം വരുന്ന ബലൂചിസ്ഥാന്‍ കല്‍ക്കരിയും പ്രകൃതിവാതകവും മാര്‍ബിളും കൊണ്ട് സമ്പന്നമാണ്. മധ്യ ഏഷ്യയിലേക്ക് ഏറ്റവും ദൂരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.

2016 ലെ സ്വാതന്ത്ര്യദിനത്തില്‍ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യപോരാട്ടത്തെ ഇന്ത്യ പിന്തുണച്ചത് പാക് ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഒരു ലക്ഷം പാക് ഭടന്‍മാരെ തടവിലാക്കിയാണ് ഇന്ദിരാഗാന്ധി കിഴക്കന്‍ പാക്കിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിച്ച് ബംഗ്ലാദേശെന്ന പുതിയ രാജ്യമാക്കിയത്.

പാക്കിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ ദുര്‍ഗാദേവിയെന്ന് വിളിച്ചത് ബി.ജെ.പി നേതാവ് അടല്‍ബിഹാരി വാജ്‌പേയിയായിരുന്നു.സമാനമായ സൈനികനീക്കത്തിലൂടെ ബലൂചിസ്ഥാനെയും ഇന്ത്യമോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍. ഇറാനും അഫ്ഗാനിസ്ഥാനുമാണ് ബലൂചിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന മറ്റ് രാജ്യങ്ങള്‍.

ഇരു രാജ്യങ്ങളും പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യക്കൊപ്പമാണ്. കാശ്മീരില്‍ ചാവേറാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്‍മാരെ കൊലപ്പെടുത്തിയതിന്റെ തലേന്ന് ഇറാനില്‍ സമാനമായ ചാവേറാക്രമണത്തില്‍ 27 പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.

ഈ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനെയാണ് ഇറാന്‍ ഭരണകൂടം പ്രതിക്കൂട്ടിലാക്കുന്നത്. സൈനികനീക്കത്തിലൂടെ ബലൂചിസ്ഥാനെ മോചിപ്പിക്കാനായാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമായിരിക്കും

Top