‘തീയില്‍’ കുരുത്തത് വെയിലത്ത് വാടില്ല, ചോദ്യം ചെയ്യാനുറച്ച് എസ്.എഫ്.ഐയും . . .

കാമ്പസുകളില്‍ സമരങ്ങള്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ എസ്.എഫ്.ഐ നിയമ പോരാട്ടത്തിലേക്ക്. സുപ്രീംകോടതി വരെ പോയായാലും അവകാശ പോരാട്ടം തുടരുമെന്ന നിലപാടിലാണ് സംഘടന.

വിധിക്കെതിരെ ചീഫ് ജസ്റ്റിസിനോട് സംസാരിക്കണമെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ വിധി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിലവിലെ കോടതി ഉത്തരവ് പ്രകാരം കാമ്പസുകളില്‍ പഠിപ്പ് മുടക്കോ ഘെരാവോയോ, മാര്‍ച്ചുകളോ പാടില്ല. ഇത്തരത്തില്‍ എന്തെങ്കിലും നടപടി ഉണ്ടായാല്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്ക് പൊലീസിനെ വിളിക്കാം.

കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമായാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഒരു സ്വകാര്യ കോളജ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ഈ സുപ്രധാന ഉത്തരവ്.

അരാഷ്ട്രീയ കാമ്പസുകളില്‍ പടരുന്ന അരാജകത്വവും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. സര്‍ക്കാറും കോടതി ഉത്തരവിനെ ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനും പ്രതികരിക്കാനും അവകാശമുണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. എസ് എഫ് ഐ ഹര്‍ജിയിലും ഈ നിലപാട് തന്നെയായിരിക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വീകരിക്കുക. വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞത് ചൂണ്ടിക്കാട്ടി കേസില്‍ കക്ഷി ചേരാനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ശക്തമായ നിയമ പോരാട്ടങ്ങള്‍ക്കാണ് ഇനി വഴി തുറക്കപ്പെടുക.

വിയോജിക്കുവാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അനുച്ഛേദം 19(എ) യിലൂടെ അഭിപ്രായ സ്വാതന്ത്ര്യവും 19(ബി) യിലൂടെ സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. കേരള ഹൈകോടതിയുടെ ഇപ്പോഴത്തെ വിധി മൗലികാവകാശങ്ങള്‍ക്ക്‌മേലുള്ള കടന്നുകയറ്റമാണെന്നാണ് എസ്എഫ്‌ഐ ആരോപിച്ചിരിക്കുന്നത്.

കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംഘടിത ബോധത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ജെഎന്‍യുവില്‍ മാസങ്ങളായി നടക്കുന്ന സമരം പഠിക്കാന്‍ വേണ്ടിയുള്ള സമരമാണ്. അടുത്തയിടെ എറണാകുളം അരൂജ സ്‌കൂളിലേക്ക് നടന്ന സമരവും പഠിക്കുക എന്ന അവകാശത്തിന് വേണ്ടി തന്നെയാണെന്നാണ് എസ് എഫ് ഐ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാര്‍ത്ഥികളെ സാമൂഹ്യവല്‍ക്കരിക്കുന്നതിലും ജനാധിപത്യ-മതനിരപേക്ഷ മൂല്യവല്‍കരിക്കുന്നതിലും കലാലയ രാഷ്ട്രീയത്തിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. വര്‍ത്തമാന കാലത്ത് രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതും കലാലയങ്ങളിലെ രാഷ്ട്രീയ ബോധ്യമുയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹമാണ്.

വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിക്കപ്പെട്ട ക്യാംപസുകള്‍ മാനേജ്‌മെന്റുകളുടെ ഇടിമുറികളായി മാറുന്ന കാഴ്ചയും പ്രസ്താവനയില്‍ എസ് എഫ് ഐ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോഴത്തെ ഉത്തരവില്‍ സ്വകാര്യ മാനേജുമെന്റുകള്‍ വലിയ സന്തോഷത്തിലാണ്. തങ്ങള്‍ ഇനി എന്ത് നെറികേട് ചെയ്താലും അത് ചോദ്യം ചെയ്യപ്പെടില്ലന്ന അഹങ്കാരമാണ് അവരെ നയിക്കുന്നത്.

വിദ്യാഭ്യാസ കച്ചവടം ഉള്‍പ്പെടെ വിപുലമാക്കാന്‍ ഈ അവസരം സ്വകാര്യ മാനേജുമെന്റുകള്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു.

ക്ഷുഭിത യൗവ്വനങ്ങള്‍ ഇല്ലാതായാല്‍ അത് കേരളത്തിലെ കലാലയങ്ങളെ അരാജകത്വത്തിലേക്കാണ് നയിക്കാന്‍ പോകുന്നത്.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ അത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത് അടുത്ത കാലത്താണ്. അരാഷ്ട്രിയ കാമ്പസുകളിലെ അരാജകത്വം തന്നെയാണ് നിലപാട് മാറ്റത്തിന് അദ്ദേഹത്തെപോലും പ്രേരിപ്പിച്ചിരിക്കുന്നത്.

കലാലയ രാഷ്ട്രീയത്തിനെതിരെ ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തിയ ഒരു ഭരണമായിരുന്നു എ.കെ.ആന്റണി സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായിരുന്നത്.

ഈ നടപടിയുടെ പ്രത്യാഘാതം വൈകിയെങ്കിലും മനസ്സിലാക്കി കൊണ്ടുകൂടിയാണ് ആന്റണിയുടെ ഇപ്പോഴത്തെ കുബസാരം.

രാഷ്ട്രീയമില്ലാത്ത കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും അരാജകത്വ പ്രവണതകളും വര്‍ദ്ധിച്ചു വരുന്നതില്‍ മാത്രമല്ല, അവിടങ്ങളില്‍ ജാതി-മത ശക്തികള്‍ പിടിമുറുക്കുന്നതിലെ അപകടം കൂടി തിരിച്ചറിഞ്ഞായിരുന്നു ഈ തെറ്റുതിരുത്തല്‍.

വിദ്യാര്‍ത്ഥി രാഷ്ട്രീയം മഹാപാപമാണെന്ന് പറഞ്ഞ് രംഗത്തു വന്നവരില്‍ പലരും പിന്നീട് മുന്‍ നിലപാടുകളും
ഇതു പോലെ തിരുത്തിയതും കേരളം കണ്ടതാണ്.

തലവേദനക്ക് മരുന്ന് നല്‍കാതെ തല വെട്ടുന്നതിന് തുല്യമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ വിലക്കെന്ന അഭിപ്രായമാണ് വി.എം.സുധീരനും പങ്കുവെച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലങ്കില്‍ തീവ്രവാദികളും മാഫിയകളുമാണ് കാമ്പസുകളില്‍ പിടിമുറുക്കാന്‍ പോകുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം കളമൊഴിഞ്ഞ കാമ്പസുകള്‍ എല്ലാം ഇതിന് നേര്‍ക്കാഴ്ചകളാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പടിയടച്ച് പുറത്താക്കിയ കാമ്പസുകളിലും അരാഷ്ട്രിയ കാമ്പസുകളിലും എന്താണ് നടക്കുന്നതെന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തോടെ ഈ നാട് കണ്ടതാണ്.

ചോദ്യം ചെയ്യാന്‍ മുഷ്ടികള്‍ ഉയരാത്ത കാമ്പസുകളില്‍ മാനേജുമെന്റുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ക്കെതിരെ രക്ഷിതാക്കള്‍ക്കു പോലും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ കണ്ട് സഹായം തേടേണ്ട സാഹചര്യംവരെ പലയിടത്തും ഉണ്ടായി. ഈ മുഷ്ടികള്‍ക്കും വിലങ്ങിടാനാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. അവരുടെ കച്ചവട താല്‍പ്പര്യത്തിനും ഇത്തരമൊരു നിലപാട് ആവശ്യമാണ്. എന്നാല്‍ ആ പരിപ്പ് ഈ മണ്ണില്‍ വേവുകയില്ല. ആരുടെയെങ്കിലും അനുമതി മുന്‍കൂട്ടി വാങ്ങിയല്ല വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അടക്കം ആദ്യം തെരുവിലിറങ്ങിയത് വിദ്യാര്‍ത്ഥികളാണ്.അത് ഈ നാടിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്, മതേതരത്വം കാത്ത് സൂക്ഷിക്കാനുമാണ്.

പാവപ്പെട്ടവന് പഠിക്കാനുള്ള അവകാശത്തിനു വേണ്ടി മാത്രമല്ല, ചിന്താശക്തിയുള്ള പ്രതികരണ ശേഷിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസുകളില്‍ അനിവാര്യമാണ്. നെറികേടിനെതിരെ ഉയരുന്ന പ്രതിഷേധ കൊടികളും അതിന്റെ ഭാഗം തന്നെയാണ്.

കേരളത്തെ ഇന്നത്തെ പ്രബുദ്ധമായ കേരളമാക്കി മാറ്റിയതിനു പിന്നില്‍ ഇവിടുത്തെ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്തതാണ്.

ഒറ്റപ്പെട്ട സംഭവങ്ങളെ അതേ രൂപത്തില്‍ വിലയിരുത്താനും സംസ്ഥാനത്തെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തെ അതിന്റേതായ ഗൗരവത്തോടെ കണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാറും ഉടന്‍ തയ്യാറാവണം.

ഹൈക്കോടതിയില്‍ കക്ഷി ചേരുന്ന എസ്എഫ്‌ഐക്കൊപ്പം മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതും അനിവാര്യമാണ്. ഇവിടെ ആരും തന്നെ കൊടിയുടെ നിറം നോക്കരുത്. അഭിപ്രായ ഭിന്നത കാഴ്ചപ്പാടിലാകാം, പക്ഷേ അത് പൊതു ലക്ഷ്യത്തിന് ഒരിക്കലും വിഘാതമാകരുത്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഭരിക്കുന്ന എസ് എഫ് ഐക്കും വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ കൂടി ഉല്‍പന്നമായ ഇടതു സര്‍ക്കാരിനും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളത്. ആ ഉത്തരവാദിത്വം അവര്‍ നിറവേറ്റുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Political Reporter

Top