നോട്ടു നിരോധനം ; 5800 ഓളം കടലാസുകമ്പനികള്‍ നടത്തിയത് 4,552 കോടിയുടെ ഇടപാട്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം 5800 ഓളം കടലാസുകമ്പനികള്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് 4,552 കോടി രൂപ.

കള്ളപ്പണത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഈ കണ്ടെത്തല്‍.

13,140 അക്കൗണ്ടുകളിലുടെ 4,574 കോടിയുടെ നിക്ഷേപമാണ് നോട്ട് നിരോധനത്തിന്‌ശേഷം നടന്നത്. ഇതിന് ശേഷം ഈ അക്കൗണ്ടുകളിലൂടെ 4,552 കോടി രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസുകമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 13 ബാങ്കുകളില്‍ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

2,134 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇത്തരം ചില കമ്പനികളില്‍ ചിലത് നൂറിലേറെ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ എട്ടിന് നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

ഒരു കമ്പനിയുടെ 2,134 അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 300 മുതല്‍ 900 വരെ അക്കൗണ്ടുകള്‍ പല കമ്പനികള്‍ക്കുമുണ്ട്.

സംശയകരമായ അക്കൗണ്ടുകളിലെ 2.5ശതമാനത്തിന്റെ വിവരം മാത്രമണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Top