മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിനോട് അനുബന്ധിച്ച് നടി റിയ ചക്രവര്‍ത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരം നിക്ഷേപത്തിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് മുംബൈ കോടതി നീക്കിയത്. കൂടാതെ, അന്വേഷണത്തിന്റെ ഭാഗമായി എന്‍.സി.ബി കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കമുള്ള ഗാഡ്‌ജെറ്റുകളും റിയക്ക് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
യാതൊരു കാരണവും കൂടാതെയാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും ഗാഡ്‌ജെറ്റുകള്‍ പിടിച്ചെടുത്തതെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ റിയ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കുള്ള ശമ്പളം, ജി.എസ്.ടി അടക്കമുള്ള നികുതി അടക്കമുള്ളവ നല്‍കാന്‍ പണം ആവശ്യമാണ്. വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിക്ഷേപിച്ച പണമാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ, സഹോദരന്‍ തന്നെ ആശ്രയിച്ചാണ് കഴിയുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ട് പത്ത് മാസമായി. മുന്‍വിധിയോടെയുള്ള അധികൃതരുടെ പ്രവൃത്തി അനീതിയാണെന്നും റിയ ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി.
അതേസമയം, നടിയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ 2020 സെപ്റ്റംബര്‍ എട്ടിനാണ് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്. റിയക്കെതിരെ 12,000 പേജുള്ള കുറ്റപത്രമാണ് എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ചത്. 12000 പേജുകളുള്ള കുറ്റപത്രം അനുബന്ധ രേഖകള്‍ കൂടിച്ചേരുമ്പോള്‍ 40,000 പേജില്‍ അധികമാകും.
റിയ, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവേല്‍ മിറാന്‍ഡ, വീട്ടുജോലിക്കാര്‍, ലഹരി ഇടപാടുകാര്‍ എന്നിവരടക്കം 33 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.