റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ് വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന് വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാൻ അനുമതിയില്ല. ജനിതക മാറ്റാം വന്ന പുതിയ കൊവിഡ് വൈറസ് ചില രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ച മുമ്പ് മുഴുവൻ അന്താരാഷ്ട്ര വിമാന സർവിസുകൾക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.
ഒരാഴ്ചയിലേക്കായിരുന്നു താത്കാലിക വിലക്ക്.വിദേശ വിമാന കമ്പനികളെ ഈ ആവശ്യത്തിനായി സർവിസ് നടത്താൻ അനുവദിച്ചിരിക്കുന്നു എന്നാണ് സർക്കുലറിൽ പറയുന്നത്. എന്നാൽ വിമാനം എത്തിച്ചേരുന്ന സൗദിയിലെ വിമാനത്താവളങ്ങളിൽ വിമാനത്തിലെ ജീവനക്കാർ പുറത്തിറങ്ങി കോവിഡ് പ്രോട്ടാക്കോളുകൾ ലംഘിച്ച് മറ്റുള്ളവരുമായി ശാരീരിക സമ്പർക്കമുണ്ടാക്കാൻ പാടില്ല. കർശനമായ മുൻകരുതലുകൾ പാലിച്ചിരിക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം വരവുണ്ടായ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കുകയുമില്ല.