തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കോളേജ് വിനോദയാത്രകളിൽ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെതാണ് ഉത്തരവ് ഇറക്കിയത്. ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അനധികൃതമായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്.
യാത്ര പുറപ്പെടും മുമ്പ് ആർടി ഓഫീസുകളെ വിവരമറിയിക്കണമെന്നും അഡീഷണൽ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. സമീപകാലത്ത് രൂപമാറ്റം വരുത്തിയ ബസുകളില്‍ വിനോദയാത്രയുടെ ഭാഗമായി പൂത്തിരിയും മറ്റും കത്തിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.