ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ബോളിവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നു. രാജ്യത്തെ പ്രധാന സിനിമ തിയേറ്ററുകളെല്ലാം നിരോധനം നീക്കി പ്രദര്‍ശനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിച്ചേക്കുമെന്നു ഫിലിം വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറഞ്ഞു.
ആരാധകരേറെയുള്ള ബോളിവുഡ് സിനിമകള്‍ നിരോധിച്ചത് പാക് ചലച്ചിത്രവ്യവസായത്തിന്റെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പാക്കിസ്ഥാനില്‍ ബോളിവുഡ് സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള കലാകാര്‍ന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനു പിന്നാലെ ആയിരുന്നു പാക്കിസ്ഥാന്റെ നടപടി. ഇതിനുശേഷം ഇന്ത്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനും പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
1965ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് ആദ്യമായി പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീടു 2008ല്‍ നിരോധനം പൂര്‍ണമായും എടുത്തുകളഞ്ഞിരുന്നു.